Dr. ജയദേവ്
ഓർമ്മയില്ലാത്ത ജീവിതം.
‘മറക്കാൻ കഴിയുന്നത് ഒരനുഗ്രഹം’ എന്ന് കല്പനികമായി പറയാമെങ്കിലും, ഓർമ്മ നഷ്ടമാകുന്ന, ഒന്നും ഓർത്തെടുക്കാൻ സാധിക്കാത്ത അവസ്ഥ ഒട്ടും സുഖകരമല്ല.
ഓർക്കാനിഷ്ടമില്ലാത്ത വേദനകൾ മറക്കുന്ന പോലെ നിസ്സാരമല്ല ഓർമ്മവെച്ച കാലം മുതൽ ആർജ്ജിച്ച പാഠങ്ങൾ അവസരോചിതമായി ഉപയോഗിക്കാൻ കഴിയാതെ വരുന്ന അൽഷിമേഴ്സ് എന്ന അവസ്ഥ.
നമ്മുടെ ദൈനം ദിന ജീവിതം ഓർമ്മയിൽ അധിഷ്ഠിതമാണ്. നമ്മുടെ സ്വന്തക്കാരെ ബന്ധുക്കളെയെല്ലാം തിരിച്ചറിയുന്നതും, നമ്മുടെ വീടും വീട്ടിലെ ഓരോ സ്ഥലവും നമ്മുടെ നിത്യോപയോഗ വസ്തുക്കളും, നമ്മുടെ ദൈനം ദിന ജീവിത രീതികളും നമ്മുടെ നിരന്തര പരിചയം വഴി തലച്ചോറിൽ രൂപപ്പെടുന്ന കണക്ഷനുകൾ വഴി യാന്ത്രികമായി മാറുന്നു.
സാമൂഹ്യ ജീവിതം, ശുചിത്വം,
ഭക്ഷണവും മറ്റും വൃത്തിയായി കഴിക്കുക, കുളിക്കുക, വൃത്തിയായി വസ്ത്രധാരണം ചെയ്യുക, മലമൂത്ര വിസർജ്ജനം അതിനായുള്ള ശുചിമുറികളിൽ മാത്രം നടത്തുക, എന്നിങ്ങനെ നമ്മുടെ ആർജ്ജിത അറിവുകൾ പയ്യെ പയ്യെ മായുമ്പോൾ നമ്മുടെ വ്യക്തിത്വത്തിന് കോട്ടം തട്ടാൻ തുടങ്ങുന്നു.
സംസാരമധ്യേ നമ്മൾ വാക്കുകൾ വിട്ടുപോകുക, ശരിയായ വാക്കുകൾ കണ്ടെത്താനാവാതെ വിഷമിക്കുക, സംഭാഷണത്തിന്റെ ഇടയിൽ എന്തിനെ പറ്റിയാണ് നമ്മൾ സംസാരിക്കുന്നത് എന്ന ഒഴുക്ക് നഷ്ടപ്പെടുക, നമുക്ക് സുപരിചിതരായവരെ മനസിലാക്കാനാവാതെ വരുക, സുപരിചിതമായ വഴികൾ മറക്കുക എന്നിങ്ങനെ ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന ഓർമ്മക്കുറവ് അൽഷിമേഴ്സ് രോഗിയെ കഷ്ടത്തിലാക്കുന്നു.
ഇന്ന് ലോകത്ത് ലക്ഷക്കണക്കിന് ആളുകൾ അൽഷിമേഴ്സ് രോഗം ബാധിച്ച് ജീവിതം തള്ളിനീക്കുന്നു. അൽഷിമേഴ്സ് രോഗികളെ പരിചരിക്കുക എന്നത് ക്ഷമയും, സഹാനുഭൂതിയും ധാരാളം ആവശ്യമായ സംഗതിയാണ്.
അൽഷിമേഴ്സ് രോഗം തലച്ചോറിന്റെ ചുരുങ്ങൽ വഴിയാണ് ഉണ്ടാകുന്നത് എന്നാണ് ഇപ്പോൾ പരക്കെ അംഗീകരിക്കപ്പെട്ട ചിന്ത.
അൽഷിമേഴ്സ് രോഗം ചെറിയ ചെറിയ ഓർമ്മക്കുറവുകളിലൂടെയാണ് മിക്കവാറും പ്രകടമാകുന്നത്. എന്തെങ്കിലും കാര്യങ്ങൾ എപ്പോഴെങ്കിലും മറക്കാത്ത, ഓർത്തെടുക്കാൻ സാധിക്കാത്ത ഒരു മനുഷ്യനും ഭൂമുഖത്തില്ല. എന്നാൽ അവരെല്ലാം അൽഷിമേഴ്സ് രോഗികളായി മാറുന്നില്ല. ജീവിതത്തിൽ വല്ലപ്പോഴും ഉണ്ടാകുന്ന ഓർമ്മക്കുറവിനെ അൽഷിമേഴ്സ് ആണ് എന്ന് ഒട്ടൊക്കെ തമാശയായി നമ്മൾ പറയാറുമുണ്ട്.
പക്ഷെ അൽഷിമേഴ്സ് എന്നത് കേവലം ഒരു ഓർമ്മക്കുറവ് എന്നതിനപ്പുറം ഒരു അവസ്ഥയാണ്.
അൽഷിമേഴ്സ് രോഗം വരാതിരിക്കാൻ ഏറ്റവും പ്രധാനമായ വ്യായാമം എന്നത് നമ്മുടെ തലച്ചോറിന് പുതിയ പുതിയ അറിവുകൾ നേടാനുള്ള ഇഷ്ടം നിലനിർത്തുക എന്നതാണ്. അതേസമയം തലച്ചോറിന് ആവശ്യമായ വിശ്രമം നൽകുക എന്നതും പ്രധാനമാണ്. അമിതമായ ആധികൾ ഒഴിവാക്കുക, യോഗ, ധ്യാനം എന്നിങ്ങനെയുള്ള വ്യായാമമുറകൾ പരിശീലിക്കുക എന്നിവയും തലച്ചോറിന്റെ പ്രവർത്തനം സജീവമായി നിലനിർത്താൻ സഹായകമാകും.
ഓർമ്മക്കുറവ് രോഗവും ഹോമിയോപ്പതിയും.
—————————————-
ഓർമ്മക്കുറവ് എന്ന സർവ്വസാധാരണമായ അവസ്ഥക്കും, അൽഷിമേഴ്സ് എന്ന രോഗാവസ്ഥക്കും ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിൽസ ലഭ്യമാണ്.
മരുന്നുകൾ നൽകുന്നതിനായി ഓരോ രോഗിയുടെയും രോഗലക്ഷണങ്ങളോടൊപ്പം വ്യക്തിത്വ വിശകലനം നടത്തുമ്പോൾ രോഗിയുടെ മാനസികാവസ്ഥക്ക് വലിയ പ്രാധാന്യമാണ് ഹോമിയോപ്പതി നൽകുന്നത്.
അൽഷിമേഴ്സ് രോഗ ലക്ഷണങ്ങൾ ഉള്ള രോഗികൾ പലപ്പോഴും ഹോമിയോപ്പതി ചികിൽസ തേടുന്നത് വളരെ വൈകിയ വേളയിലാണ്. എന്നാൽ രോഗാരംഭദിശയിൽ തന്നെ ഹോമിയോപ്പതിചികിത്സ തേടുക വഴി അൽഷിമേഴ്സ് രോഗം പൂർണ്ണമായി മാറ്റിയെടുക്കുവാനോ, കൂടുതൽ രൂക്ഷമായ അവസ്ഥയിലേക്ക് പോകുന്നത് സാവധനത്തിലാക്കുവാനോ സാധിച്ചേക്കാം. അൽഷിമേഴ്സ് രോഗിയുടെ ബന്ധുക്കൾ അത്തരമൊരു സാധ്യത ഉപയോഗപ്പെടുത്തി ഓർമ്മയുടെ മനോഹര തീരത്തേക്ക് ഉറ്റവരെ മടക്കിക്കൊണ്ടുവരാൻ ശ്രദ്ധിക്കുമല്ലോ.