കേന്ദ്രത്തിന്റെ പാലവും ഹോമിയോപ്പതിയും :-
സര്‍ക്കാര്‍ ചിലവില്‍ കുറഞ്ഞ ഫീസോടെ വൈദ്യശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ ആധുനിക വൈദ്യശാസ്ത്ര വിദഗ്ദ്ധര്‍ നല്ലൊരു പങ്കും സാമൂഹ്യഉത്തരവാദിത്വങ്ങള് മറന്ന് സ്വദേശത്തും വിദേശത്തും ലാഭകരമായ മേച്ചില്പുറങ്ങള് തേടിപ്പോയി. ഇന്ത്യയില്‍ ഗ്രാമീണമേഖലയും അതിനെക്കാള്‍ ദുര്‍ഘടമായ മേഖലകളും ഡോക്ടര്‍-രോഗി അനുപാതത്തില്‍ വലിയ കുറവ് നേരിട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിലാണ് ഈ “ബ്രിഡ്ജ്” കോഴ്സ് വിഭാവനം ചെയ്യുന്നത്.
ഹോമിയോപ്പതിയും ആയുര്‍വേദവും ഉള്‍പ്പെടുന്ന ആയുഷ് വിഭാഗത്തിലെ ബിരുദം നേടിയ ഡോക്ടര്‍മാര്‍ക്ക് ഒരു ഹ്രസ്വകാല പഠനത്തിലൂടെ ആധുനിക വൈദ്യശാസ്ത്ര മരുന്നുകള്‍ ഉപയോഗിച്ച് ചില അസുഖങ്ങളെ ചികിത്സിക്കാം എന്നതാണ് വ്യവസ്ഥ.
ഹോമിയോപ്പതി ഡോക്ടര്‍മാരോ അവരെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളോ ഇത്തരം ഒരു കോഴ്സ് ആവശ്യപ്പെട്ടിട്ടില്ല.
കാരണം മറ്റു വൈദ്യശാസ്ത്ര ശാഖകളെ പോലെ ഹോമിയോപ്പതിയും തനതായ വ്യക്തിത്വം ഉള്ള ഒരു ചികിത്സാരീതിയാണ്.
ഹോമിയോപ്പതിക്ക് ഇന്നുകാണുന്ന ജനപ്രീതി ഉണ്ടായത് ഒരു തനതായ ചികിത്സ രീതിയായി നിലനില്ക്കാന് കഴിഞ്ഞതുകൊണ്ടാണ്.
ഹോമിയോപ്പതിയുടെ പ്രചാരവും ഹോമിയോപ്പതി വഴി ഭേദമാക്കപ്പെടുന്ന അസുഖങ്ങളുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടി വരുന്നത് നിഷേധിക്കാനാകാത്ത ഒരു വസ്തുതയാണ്.
ഹോമിയോപ്പതിയുടെ നിലനില്‍പ്പിനോ പ്രചാരത്തിനോ ഒരു പാലത്തിന്റെയും സഹായം ആവശ്യമില്ല.
മറിച്ച് സങ്കരചികിത്സകര് ഹോമിയോപ്പതിയുടെ നിലനില്‍പ്പിനു തന്നെ ഭീഷിണിയാണ് എന്ന തിരിച്ചറിവോടെ സങ്കര ചികിത്സയെ ഹോമിയോപ്പതി എന്നും എതിര്‍ത്തിട്ടുണ്ട്.
എന്നാല്‍ വൈദ്യശാസ്ത്രത്തിലെ ഒരു ശാഖയും പൂര്ണ്ണരല്ലെന്ന ബോധത്തോടെ രോഗപ്രതിരോധം, ചികിത്സ, സാന്ത്വനചികിത്സ എന്നീ രംഗങ്ങളില്‍ ചികിത്സാരീതികളുടെ സമന്വയം അനിവാര്യമാണ് എന്നതാണ് ഹോമിയോപ്പതിയുടെ നിലപാട്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആധുനികത എന്നത് ഏകദേശം രണ്ടായിരം വര്‍ഷം പഴക്കമുള്ള അവരുടെ ചികിത്സ തത്വശാസ്ത്രത്തിലെ പുരോഗമനപരമായ എന്തെങ്കിലും മാറ്റമല്ല എന്നും , മാറ്റ് ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ പുരോഗതിയെ സ്വാംശീകരിച്ച് നേടിയതാണെന്നും വ്യക്തമായ ധാരണ യുള്ളവരാണ് ഹോമിയോപ്പതി ഡോക്ടര്‍മാര്‍.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഒരു കാലഘട്ടത്തിലെ അപ്രമാദിത്വത്തിന് കാരണമായ ആന്റിബയോട്ടിക്കുകള്‍ പ്രതിരോധം നേടിയ അണുക്കളുടെ വ്യാപനം വഴി ലോകജനതയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്ന് ലോകാരോഗ്യസംഘടന തന്നെ വ്യക്തമാക്കുന്ന അവസരത്തില്‍ വിവേകികളായ ജനങ്ങള്‍ കൂട്ടത്തോടെ സമാന്തര വൈദ്യശാസ്ത്രശാഖകളെ ആശ്രയിക്കുകയാണ.
മറ്റ് വൈദ്യശാസ്ത്ര ശാഖകളെ കടന്നാക്രമിക്കാനും , അവയെപറ്റി കുപ്രചരണങ്ങള്‍ അഴിച്ചുവിടാനും കിട്ടുന്ന ഒരവസരവും ആധുനിക വൈദ്യശാസ്ത്ര വക്താക്കള്‍ പാഴാക്കാറില്ല. എന്നാല്‍ ഇത്തരം പ്രചരണം നടത്തുന്നതിന് പ്രസ്തുത വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തെ പറ്റി എന്തെങ്കിലും ഗഹനമായ് അറിവ് ഇക്കൂട്ടര്‍ക്കില്ല. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇവരുടെ പ്രതികരണങ്ങള്‍. സമാന്തര വൈദ്യശാസ്ത്രങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ സാമൂഹ്യമാധ്യമങ്ങളില്‍ “കൂലി എഴുത്തുകാര്‍” വരെയുണ്ട് എന്ന് സംശയിക്കാവുന്ന തരത്തിലാണ് കുപ്രചരണങ്ങള്‍ അരങ്ങുതകര്‍ക്കുന്നത്.
ഹോമിയോപ്പതി ചികിത്സതേടിയെത്തുന്നവരില്വലിയൊരു പങ്കും ആധുനികരുടെ ചികിത്സയില്‍ മടുപ്പുളവായവരും, ദോഷഫലങ്ങള്‍ അനുഭവിച്ചവരും , കയ്യോഴിയപ്പെട്ടവരും ഒക്കെയാണ്.
ഒരുകാലത്ത് ഔദ്യോഗികമായ വിദ്യാഭ്യാസം നേടാതെ പുസ്തകങ്ങള്‍ വായിച്ചു മാത്രം അറിവ് നേടിയ വരാണ് ഹോമിയോപ്പതി രംഗത്ത് ഉണ്ടായിരുന്നത് . എന്നാല്‍ ഇന്ന് വ്യക്തമായ് അംഗീകൃത പാഠൃപദ്ധതിയോടെ പഠനം പൂര്‍ത്തിയാക്കിയവരാണ് ഹോമിയോപ്പതി രംഗത്തെ ചികിത്സകര്‍.
അനാട്ടമി ഫിസിയോളജി ബയോകെമിസ്ട്രി
പാരസൈറ്റൊളജി, സര്‍ജറി, ഗൈനക്കോളജി, പ്രാക്ടീസ് ഓഫ് മെഡിസിന് എന്നിങ്ങനെ ആധുനിക വൈദ്യശാസ്ത്ര സിലബസ് പ്രകാരം എം ബി ബി എസ് വിദ്യാഭ്യാസ രംഗത്ത് ഇന്ന് മെഡിക്കല്‍കോളേജുകളില്‍ പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളിലും ആധികാരികമായ അറിവ് നേടി ,രോഗനിര്‍ണ്ണയം നടത്തുന്നതിനും രോഗിക്ക്ഹിതകരമായ് ചികിത്സ നല്‍കാനും പ്രാപ്തരായ ബിരുദ, ബിരുദാനന്തരബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരാണ് ഇന്ന് ഹോമിയോപ്പതി രംഗത്തുള്ളവര്‍.
ഇവരുടെ അക്ഷീണ പ്രവര്‍ത്തനത്തിന്റെ ഫലമായി , രോഗപ്രതിരോധം രോഗനിര്‍ണ്ണയം ചികിത്സ സാന്ത്വനചികിത്സ എന്നിങ്ങനെ ആരോഗ്യമേഖലയിലെ എല്ലാരംഗത്തും അനുസ്യൂതമായ വളര്‍ച്ച രേഖപ്പെടുത്തുന്ന ഹോമിയോപ്പതിയെ നേരിടാന്‍ കുപ്രചരണങ്ങള്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിങ്ങനെ മൂന്നാംകിട രീതികളാണ് ഇന്ന് ഒരു വിഭാഗം ആധുനികവൈദ്യശാസ്ത്ര സഹോദരങ്ങള്‍ നടത്തുന്നത്.
എന്‍ട്രന്‍സ് പരീക്ഷ പാസായി എം ബി ബി എസ് എന്ന വൈദ്യശാസ്ത്ര വിദ്യാഭ്യാസം നേടിയവര്‍ മാത്രമാണ് രാജ്യത്തെ ബുദ്ധിജീവികള്‍ എന്നും, തങ്ങളോടൊപ്പം തന്നെ പഴയകാല പ്രീഡിഗ്രി അഥവാ പുതിയകാല പ്ലസ് ടു വിദ്യാഭ്യാസം നേടുകയും , പ്രവേശന പരീക്ഷാ കോച്ചിംഗ് സ്ഥലങ്ങളില്‍ ഉള്‍പ്പെടെ മത്സരിച്ച് പഠിക്കുകയും ചെയ്തവര്‍, വ്യത്യസ്തമായ ഒരു ചികിത്സാ
സമ്പ്രദായം പഠിക്കുകയോ, അത് പ്രാക്ടീസ് ചെയ്യുകയോ ചെയ്തു എന്ന ഒറ്റക്കാരണത്താല്‍ മന്ദബുദ്ധികളും, കഴിവുകെട്ടവരും ആണെന്ന ധ്വനിയോടെയുള്ള “ട്രോളുകള്‍” , ഉന്നത മൂല്യങ്ങള്‍ പുലര്‍ത്താന്‍ ബാധ്യസ്ഥരായ, ഒരു സമൂഹത്തിന് മൊത്തം മാതൃകയാകേണ്ട ഒരു വിഭാഗത്തില്‍ നിന്നായത് ഇതര വൈദ്യശാസ്ത്ര ശാഖകളുടെ വളര്‍ച്ച അവരിലുണ്ടാക്കുന്ന അസ്തിത്വപരമായ ഭീതിയുടെ മാത്രം ബഹിര്‍സ്ഫുരണമാണ്.
മറ്റെന്തിലും എന്നപോലെ ഏകധ്രുവാത്മകത വൈദ്യശാസ്ത്ര രംഗത്തും അപകടകരമാണ് . ജനങ്ങള്‍ വിവേകശാലികളായ ജനങ്ങള്‍ അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഗുണകരമായതിനെയും മെച്ചപ്പെട്ടതിനെയും തിരഞ്ഞെടുക്കുമ്പോള്‍ അസഹിഷ്ണുതകൊണ്ട് അതിനെ നേരിടാനാവില്ല . നമുക്കാവശ്യം സമന്വയമാണ് ….നമ്മുടെ സഹായം തേടിയെത്തുന്നവര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സേവനം നല്കുന്നതിലാവട്ടെ നമ്മുടെ മത്സരം . പരസ്പരം ചെളിവാരിയെറിയല്‍ വൈദ്യശാസ്ത്ര സമൂഹത്തിനോ രോഗികള്‍ക്കോ ഹിതകരമല്ല .
കേന്ദ്രനിയമത്തിലെ അപാകതകള്‍ക്കെതിരെയുള്ള എതിര്‍പ്പ് വിവിധ വൈദ്യശാസ്ത്ര ശാഖകള്ക്കിടയിലെ കുടിപ്പകയായി മറാതിരിക്കട്ടെ . ഹോമോയോപ്പതിയുടെ അടിസ്ഥാനതത്വങ്ങള്‍ മനസിലാക്കി ചികിത്സ നടത്തുന്നവര്‍ അവരുടെ ശാസ്ത്രത്തിന്റെ ശക്തിയിലും കഴിവിലും പൂര്‍ണ്ണ വിശ്വാസമുള്ളവരാണ്. മറ്റേതെങ്കിലും ശാഖയുടെ കുറുക്കുവഴികളിലൂടെയുള്ള അംഗീകാരം അവര്‍ കാംക്ഷിക്കുന്നില്ല .
ട്രോളുകളും കൂലിയെഴുത്തുകളും വഴി സമാന്തര വൈദ്യശാസ്ത്ര ശാഖകളെ അപകീര്‍ത്തിപ്പെടുത്താനും അതുവഴി ഏകധ്രുവ ചികിത്സാരീതി കെട്ടിപ്പടുക്കനുമുള്ള സ്ഥാപിത താല്പര്യ ശ്രമങ്ങള്‍ ഹോമിയോപ്പതിയുടെ നേര്‍ക്ക് വിലപ്പോകാത്ത വിധം വിശ്വാസ്യത ഹോമിയോപ്പതി നേടിയെടുത്തു കഴിഞ്ഞു. ഇനിയും ഇത്തരം തരംതാണ നടപടികളിലൂടെ സ്വയം അപഹാസ്യരാകാതെ ജനനന്മാക്കായി സമന്വയിക്കാം
Dr P Jayadev BHMS _ Guruvayur
(With due apologies to those who put patients welfare above all narrow considerations of system of medicine , and to those who are readily available for guidance and help.)