© Dr Jayadev BHMS
ഈയിടെ ക്ലിനിക്കിൽ വരുന്ന ഒട്ടനവധി ആളുകളുടെ സംശയമാണ്. പശ്ചാത്തലം അറിയാമല്ലോ – ഈ അടുത്ത കാലത്ത് തെരുവു നായയുടെ കടിയേറ്റശേഷം പേവിഷബാധക്കെതിരായ കുത്തിവെപ്പുകൾ നിർദ്ദേശിച്ച ക്രമത്തിൽ എടുത്തിട്ടും ചില ഹതഭാഗ്യർ രോഗം ബാധിച്ച് മരിച്ചതു തന്നെ.
ലോകത്തെവിടെ ഏത് രോഗം പൊട്ടിപ്പുറപ്പെട്ടാലും, പകർച്ചവ്യാധി ഉണ്ടായാലും ഒക്കെ ഇങ്ങനെ ഹോമിയോപ്പതിയിൽ മരുന്നുണ്ടോ, പ്രതിരോധമരുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ പതിവാണ്. മരുന്നോ, പ്രതിരോധമരുന്നോ ഉണ്ട് എന്ന് ഉറപ്പുള്ള അവസരങ്ങളിൽ അത് പറയാറുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ കേട്ടുകേൾവി പോലും ഇല്ലാത്ത അസുഖങ്ങളുടെ കാര്യത്തിൽ വരട്ടെ, നോക്കാം എന്ന സമീപനം സ്വീകരിക്കാറുമുണ്ട്.
പട്ടിയുടെ കടിയേൽക്കുക, അഥവാ പട്ടി, പൂച്ച എന്നിവയുടെ നഖം കൊണ്ട് പോറലേൽക്കുക എന്നിങ്ങനെയുള്ള അവസ്ഥകളുമായി എന്നെ സമീപിച്ച എല്ലാവരോടും പേവിഷബാധക്ക് എതിരായ കുത്തിവെപ്പ് എടുക്കാൻ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കാണാൻ നിർദ്ദേശിക്കുകയാണ് പതിവ്.
പേവിഷബാധക്കെതിരായ കുത്തിവെപ്പ് ഏതാണ്ട് നൂറുശതമാനവും ഫലപ്രദമായിരുന്നു താനും.
എന്നാൽ ഇപ്പോൾ സാഹചര്യം മാറുന്നു. രോഗാണു കുത്തിവെപ്പിനെ മറികടക്കുന്ന – അതിന് കാരണങ്ങൾ പലതാവാം – സാഹചര്യം ഉണ്ടാകുന്നു. ജനങ്ങൾക്ക് ആശങ്കയും ഉണ്ടാകുന്നു. ഈ അവസ്ഥയിൽ പേവിഷബാധയുടെ പ്രതിരോധം ചികിത്സ എന്നിവയിൽ ഹിമിയോപ്പതിയുടെ സമീപനം വ്യക്തമാക്കാതെ വയ്യ.
പേവിഷബാധയെ ഹോമിയോപ്പതി സമീപിക്കുന്നത് മറ്റെല്ലാ അസുഖങ്ങളെയും പോലെ സമഗ്രമായ ലക്ഷണ വിശകലനത്തിലൂടെ തന്നെയാണ്. പേവിഷബാധയുള്ള രോഗികൾ പ്രകടമാക്കുന്ന രോഗലക്ഷണങ്ങളോട് സാമ്യതയുള്ള രോഗലക്ഷണങ്ങൾ ഉള്ള മരുന്നുകൾ പ്രതിരോധമരുന്നുകളായും ഉപയോഗിക്കാം.
പേവിഷബാധയുടെ പ്രതിരോധ കുത്തിവെപ്പ് ഇപ്പോഴും വളരെ ഫലപ്രദമാണെന്നിരിക്കെ കുത്തിവെപ്പുകൾ എടുക്കുന്നത് അഭികാമ്യമാണ് എന്നതാണ് എന്റെ അഭിപ്രായം. എന്നാൽ കുത്തിവെപ്പുകൾ എടുക്കുന്നവർക്ക് പോലും ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വങ്ങൾക്ക് അനുസൃതമായ മരുന്ന് കഴിക്കുകയും, അപ്പൂർവ്വമെങ്കിലും കുത്തിവെപ്പെടുത്തിട്ടും സംഭവിക്കാവുന്ന ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പോലുള്ള അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യാം.
പേവിഷബാധയുടെ പ്രതിരോധം, രോഗബാധിതരുടെ ചികിത്സ എന്നീ മേഖലകളിൽ മികവ് പുലർത്താവുന്ന മരുന്നുകൾ ഹോമിയോപ്പതിയിൽ ലഭ്യമാണ്. അവയുടെ ഫലപ്രാപ്തിയെ വിശദമായി വിലയിരുത്താൻ ശാസ്ത്ര സമൂഹം മുന്നോട്ട് വരുന്നത് മനുഷ്യരാശിക്ക് ഭാവിയിൽ വളരെ ഗുണകരമായി ഭവിക്കും.
(കേരളത്തിൽ ഉടനീളം മൃഗങ്ങളിൽ പേവിഷബാധയുടെ പ്രതിരോധം, പേവിഷബാധ എന്ന് വിദഗ്ദ്ധ ഡോക്ടർമാർ രോഗനിർണ്ണയം നടത്തിയ കേസുകളുടെ ചികിത്സ എന്നിവയിൽ ഹോമിയോപ്പതി മരുന്നുകൾ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നുണ്ട്.)
NB :- ഈ ലേഖനം ഒരു അവകാശവാദമല്ല. പേവിഷ പ്രതിരോധ ചികിത്സാ രംഗങ്ങളിലെ ഹോമിയോപ്പതിയുടെ സാധ്യതകളെപ്പറ്റിയുള്ള ഒരു വിശദീകരണം മാത്രമാണ്.