തകർക്കാൻ മാത്രമായി വിമർശിക്കുന്നവർ❗
© Dr Jayadev BHMS
ഈ ലോകത്ത് ഒന്നും തന്നെ വിമർശനത്തിന് അതീതമല്ല. എന്നാൽ വിമർശനം/വിലയിരുത്തൽ വസ്തുതകളെ അറിയാതെയും, മനസിലാക്കാൻ ശ്രമിക്കാതെയും, എന്റെ അറിവും ചിന്തയും മാത്രം ശരി എന്ന ചിന്തയോടെയും ആകുമ്പോൾ അത് സദുദ്ദേശത്തോടെ തന്നെ ആണോ എന്ന് സ്വാഭാവികമായും സംശയിക്കാം.
പറഞ്ഞുവരുന്നത്, ഹോമിയോപ്പതി ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ alternative ശാഖകളോടുള്ള ചിലരുടെ സമീപനവും വിമർശനവും തന്നെ.
ആദ്യമെല്ലാം പറഞ്ഞിരുന്നത് ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്ന മരുന്നുകൾ വളരെ നേർപ്പിച്ചവയാണ്, അതിൽ മരുന്നില്ല, അത് പ്ലാസിബോ പോലെയാണ് പ്രവർത്തിക്കുന്നത് എന്നൊക്കെയാണ്. ഹോമിയോപ്പതി ഡോക്ടർമാർ രോഗികളോട് ധാരാളം സംസാരിക്കുന്നത് കൊണ്ടുള്ള മാനസിക സംതൃപ്തിയാണ് പോലും രോഗം മാറാൻ കാരണം ❗
ഒരു വാദത്തിന് വേണ്ടി ഇതൊക്കെ അംഗീകരിച്ചാൽ തന്നെ മാരകരോഗങ്ങൾ, അഥവാ ദീർഘകാലം ചികിൽസിക്കേണ്ടവ എന്ന് രോഗനിർണ്ണയം നടത്തിയ രോഗങ്ങൾ ഹോമിയോപ്പതി ഡോക്ടർക്ക് ഇത്ര നിസ്സരമായി മരുന്നില്ലാത്ത മരുന്ന് നൽകിയും വെറുതെ കുറെ സമയം രോഗികളോട് സംസാരിച്ചും മാറ്റാമെങ്കിൽ, സർ, എന്തുകൊണ്ട് നിങ്ങൾക്ക് അൽപസമയം കൂടുതൽ രോഗികളോട് സംസാരിച്ചു രോഗം മാറ്റിക്കൂടാ എന്ന മറുചോദ്യം സ്വാഭാവികം. ഫലത്തിൽ ആ വാദം ക്ലച്ച് പിടിച്ചില്ല.
ഹോമിയോപ്പതി ലോകത്തെ രണ്ടാമത്തെ ഏറ്റവും അധികം ആശ്രയിക്കപ്പെടുന്ന വൈദ്യശാസ്ത്രമായി വളർന്നു.
ഇപ്പോൾ എതിർപ്പുകാർ പറയുന്നത് ഹോമിയോപ്പതിയിലെ, അതും അവഗാഡ്രോ നമ്പർ എന്ന രസതന്ത്ര നമ്പറിനെക്കാൾ നേർപ്പിച്ചതും നേരത്തെ വെറും പച്ചവെള്ളം എന്നും, നൈൽ നദിയിലെ വെള്ളത്തിൽ ഒരു നുള്ള് ഉപ്പുചേർത്തത് പോലെ നിസ്സാരം എന്നും കളിയാക്കിയ മരുന്നുകൾ ആരോഗ്യം നശിപ്പിക്കുന്ന പാർശ്വഫലം ഉള്ളവയാണ് എന്നാണ്. ആദ്യത്തെ നിസ്സാരവൽക്കരണ വാദം ഏശാതെ പോയപ്പോൾ ഇപ്പോൾ ഭീതിപ്പെടുത്തൽ ആണ് പുതിയ തന്ത്രം.
ഉദര നിമിത്തം ഇങ്ങനെ വിവിധ വാദങ്ങൾ ഉപയോഗിച്ച് മറ്റ് വൈദ്യ വിഭാഗങ്ങളെ വിലകുറച്ചു കാണിക്കാൻ ശ്രമിക്കുന്നവരെ നമുക്ക് തൽക്കാലം മറക്കാം. കാരണം അവർ ഹോമിയോപ്പതി ശരിയായി പഠിക്കുകയോ, വിശകലനം ചെയ്യുകയോ ചെയ്തിട്ടില്ല. ഹോമിയോപ്പതിയുടെ ആവിർഭാവ
കാലം മുതൽ ഹോമിയോപ്പതിയെ വിമർശിക്കാൻ വേണ്ടിയെങ്കിലും ഹോമിയോപ്പതിയെ പഠിക്കുകയും മനസിലാക്കുകയും ചെയ്ത മിക്കവാറും എല്ലാ വിമർശകരും ഹോമിയോപ്പതിയുടെ ആരാധകരായി മാറിയ ചരിത്രം നമുക്ക് മുന്നിലുണ്ട്.
എന്നാൽ ശാസ്ത്രത്തിന്റെ കുത്തക സ്വായത്തമാക്കിയവരും, യുക്തി ഒരു ശീലമാക്കിയവരും ഇങ്ങനെ ഒരു വിഭാഗം ചികിൽസയെ മാത്രം ശാസ്ത്രീയം എന്ന് മുദ്രണം ചെയ്യുകയും, ആ വിഭാഗത്തിന്റെ എല്ലാ കുറ്റങ്ങളെയും കുറവുകളെയും പുട്ടിയിട്ട് വെള്ളപൂശുകയും ചെയ്യുന്നത് എന്തിന് ?
വിവേകമുള്ള ഏതൊരു മനുഷ്യനും ചികിത്സാ രംഗത്തെ ഏതൊരു നല്ല ആശയത്തെയും അത് പുരാതനമായാലും, ആധുനികമായാലും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യും. എന്നാൽ നമ്മുടെ നാട്ടിൽ ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ പൂർവ്വീകരുടെ ആരോഗ്യം സംരക്ഷിച്ച ആയുർവേദത്തെ കരിവാരിത്തേക്കാനുള്ള വ്യഗ്രത, അതും ചില ഒറ്റപ്പെട്ട പഠനങ്ങൾ മാത്രം അടിസ്ഥാനമാക്കി, എത്ര അപലപനീയമാണ്.
ഹോമിയോപ്പതിയുടെ ഇന്നത്തെ രൂപഭാവങ്ങൾ നിലവിൽ വന്നിട്ട് 225 ൽ അധികം വർഷങ്ങളായി. ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വങ്ങൾ അനുസരിച്ച് ഉപയോഗിക്കുന്ന ഒരു മരുന്നുപോലും ഒരാളിൽ പോലും ദോഷകരമായ യാതൊരു പ്രവർത്തനവും ഉണ്ടാക്കിയിട്ടില്ല.
എന്നാൽ ഹോമിയോപ്പതി മരുന്നുകളെ വില്ലന്മാരായി ചിത്രീകരിച്ച് ഭീതിപരത്താൻ ഉള്ള കുൽസിത ശ്രമങ്ങൾ ഇപ്പോൾ നടന്നുവരുന്നു.
ഹോമിയോപ്പതി മരുന്നുകൾ ഫലപ്രദമല്ല എന്ന് വാദിച്ചവരോട്, അവർ വിശ്വസിക്കുന്ന ശാഖയിലെ പ്രമുഖ ഡോക്ടർമാർ രോഗനിർണ്ണയം നടത്തിയ കേസുകളിൽ ഹോമിയോപ്പതി മരുന്നുകൾ വരുത്തിയ മാറ്റവും, ചികിത്സാ പുരോഗതി വിലയിരുത്താൻ അവർ ഉപയോഗിക്കുന്ന അതേ അവലംബങ്ങൾ അടിസ്ഥാനമാക്കി വിലയിരുത്താനും നമുക്കൊരുമിച്ചു ശ്രമിക്കാം, പഠന വിധേയമാക്കാം എന്ന് ഹോമിയോപ്പതി ഡോക്ടർമാർ നിരന്തരം ആവശ്യപ്പെട്ടതാണ്. എന്നാൽ വിമർശനം ഒരു തൊഴിലാക്കിയ നമ്മുടെ സുഹൃത്തുക്കൾക്ക് അതിന് സമയമില്ല.
ഹോമിയോപ്പതിയെ പറ്റിയുള്ള ചില സാമൂഹ്യ മാധ്യമ പോസ്റ്റുകൾ പത്രവാർത്തകൾ എന്നിവക്ക് താഴെ അതിബുദ്ധിമാന്മാർ എന്ന് സ്വയം പരിചയപ്പെടുത്താൻ ചിലർ എഴുതിപ്പിടിപ്പിക്കുന്നവിമർശനാത്മക അഭിപ്രായങ്ങൾ വായിച്ചാൽ അവരോട് സഹതാപിക്കാനെ സാധിക്കൂ.
ഹോമിയോപ്പതി മരുന്നുകൾ കുറഞ്ഞ അളവിൽ നൽകുന്നു, അഥവാ നേർപ്പിച്ച, ഹനിമാൻ നിർദ്ദേശിച്ച വീര്യവർധന പ്രക്രിയ വഴി മരുന്നിന്റെ ഭൗതികമായ അളവിൽ കുറവ് വരുകയും അതേ സമയം വളരെ കുറഞ്ഞ ഡോസുകൾ രോഗിയിൽ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നതും ആധുനിക ശാസ്ത്രത്തിന് ഉൾക്കൊള്ളാനാവുന്നില്ല, വിശദീകരിക്കാനും സാധിക്കുന്നില്ല. വിശദീകരണം സാധിക്കുന്നില്ല എന്നത് അഥവാ മനസിലാക്കാൻ സാധിക്കുന്നില്ല എന്നത് കണ്മുന്നിൽ കാണുന്ന ഒരു വസ്തുതയുടെ നിരാകാരണത്തിന് സാധൂകരണമല്ല. അലോപ്പതി അഥവാ ആധുനിക വൈദ്യ മേഖലയിലും ലക്ഷ്യ സ്ഥാനത്തിൽ പ്രവർത്തിക്കാവുന്ന രീതിയിൽ മരുന്നുകൾ നൽകുന്ന സാഹചര്യങ്ങളിൽ ഇപ്പോൾ ഉപയോഗിക്കുന്നതിനെക്കാൾ കുറഞ്ഞ അളവിലാണ് മരുന്നുകൾ നൽകുന്നത്. ആസ്ത്മ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് നൽകുന്ന ഇൻഹേലർ തന്നെ ഏറ്റവും നല്ല ഉദാഹരണം.
രോഗലക്ഷണങ്ങളുടെ വിശദമായ അപഗ്രഥനത്തിലൂടെ കണ്ടെത്തി നൽകുന്ന ഹോമിയോപ്പതി മരുന്നുകൾ രോഗാവസ്ഥയെ മറികടക്കുവാനും ആരോഗ്യം പുനഃസ്ഥാപിക്കുവാനും ഉതകുന്ന stimulus കൃത്യമായി ലക്ഷ്യസ്ഥാനത്ത് തന്നെ നൽകുന്നത് കൊണ്ടാവാം വളരെ കുറഞ്ഞ അളവിൽ തന്നെ ഫലപ്രദമായി പ്രവർത്തിക്കുന്നത്.
ഹോമിയോപ്പതി എന്ന വൈദ്യവിഭാഗത്തിലെ ഡോക്ടർമാരും അവർ ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നുകളുടെ സജീവ ഘടകം (ആക്റ്റീവ് പ്രിൻസിപ്പിൾ) ഇത്രയും നേർപ്പിച്ച അളവിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ ഉത്സുകരാണ്. എന്നാൽ ഇത്തരം ഒരു ഗവേഷണ പഠനം നടത്താൻ മുന്നോട്ട് വരേണ്ടത് മറ്റ് അനുബന്ധ ശാസ്ത്ര വിഭാഗങ്ങളുടെ ഉത്തരവാദിത്വമാണ്. ഇപ്പോഴുള്ള നിഷേധാത്മക നിലപാട് അവസാനിപ്പിച്ച്, ഹോമിയോപ്പതിയുടെ ഫലപ്രാപ്തി ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുള്ള രോഗനിർണയ, ആരോഗ്യ പുനഃസ്ഥാപന അളവുകോലുകൾ ഉപയോഗിച്ചു നിർണ്ണയിക്കാവുന്നതാണ്. തുടർന്ന് തുറന്ന മനസോടെ നടത്തുന്ന അന്വേഷണങ്ങൾ ആ ഫലപ്രാപ്തി എങ്ങനെയുണ്ടാകുന്നു എന്ന് മനസ്സിലാക്കാൻ സഹായിക്കും.
അന്ധമായി ഹോമിയോപ്പതിയെ എതിർക്കുന്നതും അധിക്ഷേപിക്കുന്നതും ഹോമിയോപ്പതിയുടെ ഫലപ്രാപ്തി നിത്യേനയെന്നോണം അനുഭവിച്ചറിയുന്ന പൊതുസമൂഹത്തിന് മുന്നിൽ അത്തരക്കാരുടെ വിലയിടിക്കാൻ മാത്രമേ ഉപകരിക്കൂ.
ലോകത്ത് ഇന്ന് നമ്മൾ കൊണ്ടാടുന്ന പല ശാസ്ത്ര സത്യങ്ങളും ഒരുകാലത്ത് അസംഭവ്യം എന്ന് മുദ്ര കുത്തിയവയായിരുന്നു.
അകാരണമായ, അന്ധമായ എതിർപ്പിന്റെ സ്വരങ്ങൾക്ക് മറുപടിപറയാൻ സമയം കളയാതെ, ഞങ്ങൾ ഹോമിയോപ്പതി ഡോക്ടർമാർ രോഗപ്രതിരോധ, ചികിത്സാമേഖലകളിൽ ഞങ്ങളുടെ സേവനം നിരന്തരം തുടർന്നുകൊണ്ടേയിരിക്കും.
ഹോമിയോപ്പതിയിലൂടെ നിത്യേന രോഗപ്രതിരോധം നേടുകയും ചെറുതും, വലുതുമായ, മറാരോഗങ്ങൾ എന്ന് എഴുതിത്തള്ളപ്പെട്ടവ ഉൾപ്പെടെയുള്ള രോഗങ്ങളിൽനിന്ന് മുക്തി നേടി ആരോഗ്യത്തിലേക്ക് തിരികെ വരുകയും ചെയ്യുന്ന അനേകായിരങ്ങളാണ് നിങ്ങൾക്കുള്ള ഞങ്ങളുടെ മറുപടി. അവർക്ക് നിങ്ങളുടെ ശാസ്ത്രീയ വരട്ടുവാദങ്ങളോ, താത്വികമായ അവലോകനങ്ങളോ നൽകാത്ത പ്രതീക്ഷയുടെ നവലോകമാണ് ഹോമിയോപ്പതി തുറന്നു നൽകിയത്. അനുഭവമാണ് അവരുടെ വിശ്വാസം, അവരുടെ ഉറപ്പ്.
© Dr Jayadev BHMS