Why we have fever ?
പനിക്കുന്നതെന്തിന് ?
© Dr Jayadev BHMS
പനി അഥവാ ശരീര ഊഷ്മാവിന്റെ പതിവ് അളവിൽ നിന്നുള്ള വർധന എന്തിനാണ് ?
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ ഇങ്ങനെ ശരീര ഊഷ്മാവ് വർധിക്കുന്നത് എന്ത് കൊണ്ട് ?
പനി ശരീരത്തിന്റെ ഒരു രക്ഷാ കവചമാണ്.
ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളോട് പൊരുതുവാൻ ശരീരത്തിലെ വിവിധ പ്രതിരോധ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിന് പനി അനിവാര്യമാണ്.
ശരീര ഊഷ്മാവിന്റെ വർദ്ധനവ് പലപ്പോഴും രോഗണിവിന്റെ വീര്യം കുറയ്ക്കുന്നതിന് പര്യാപ്തമായ അളവിലായിരിക്കും.
ശരീര ഊഷ്മാവിന്റെ വർധനവിന്റെ ഓരോ ഘട്ടത്തിലും നിർണ്ണായകമായ പ്രതിരോധ പ്രവർത്തനങ്ങൾ ഉദ്ധീപിപ്പിക്കപ്പെടുന്നുണ്ട് എന്ന് വ്യക്തമാകുന്ന പഠനങ്ങൾ ഇപ്പോൾ ലഭ്യമാണ്.
ഓരോ അണുബാധയും അതിന് ആനുപാതികമായ പ്രതിരോധ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്ന അളവിൽ ശരീര ഊഷ്മാവിനെ വർധിപ്പിക്കുന്നു.
ശരീര ഊഷ്മാവിന്റെ വർധന ഹൃദയ മിടിപ്പ് വർധിപ്പിക്കുകയും രക്ത പ്രവാഹം വർധിപ്പിക്കുകയും ചെയ്യുന്നു.
ശരീര ഊഷ്മാവ് വർദ്ധിക്കുന്ന വേളയിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന Tumor necrosis factor എന്ന വസ്തു ശരീരത്തിന് ദോഷകരമായ പല കോശങ്ങളുടെയും നശീകരണത്തിന് സഹായിക്കും.
പനിയോടുള്ള നമ്മുടെ സമീപനം സമീപ കാലത്ത് വലിയ മാറ്റത്തിന് വിധേയമായിട്ടുണ്ട്.
വളരെ അടുത്ത കാലം വരെ പനിയുള്ളവർക്കു ആവശ്യത്തിന് വിശ്രമവും, കട്ടികുറഞ്ഞതും, പോഷക സമൃദ്ധമായതുമായ ആഹാരവും, ചുക്കുകാപ്പി പോലുള്ള പാനീയങ്ങളും ആയിരുന്നു ചികിത്സ. മിക്കവാറും ഒരു നിശ്ചിത സമയം കഴിയുമ്പോൾ നല്ലൊരു വിയർപ്പിലൂടെ പനി മാറുകയും ആരോഗ്യം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തിരുന്നു.
രോഗ നിർണ്ണയം നടത്താതെയും, മാറിയ സാഹചര്യങ്ങളെയും രോഗങ്ങളെയും മനസിലാക്കാതെയും ഉള്ള ഈ രീതി ആധുനിക കാലഘട്ടത്തിൽ അനുയോജ്യമാണ് എന്ന് പറയാനാവില്ല.
എന്നാൽ ഇന്ന് നമ്മൾ എത്തി നിൽക്കുന്നത് മറ്റൊരു അപകടകരമായ അവസ്ഥയിലാണ്.
ഒരുപക്ഷേ വീടുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ട ആദ്യത്തെ വൈദ്യശാസ്ത്ര ഉപകരണം തെർമോ മീറ്റർ ആകാം.
വീടുകളിൽ തന്നെ ശരീര ഊഷ്മാവ് അളക്കാനുള്ള സൗകര്യം ലഭ്യമായതും, പാരസെറ്റമോൾ പോലുള്ള ഗുളികകൾ യഥേഷ്ടം ലഭ്യമായതും പനിയെ ഭയത്തോടെയും, അൽപം പുച്ഛത്തോടെയും സമീപിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു.
പനിയുടെ വിദൂര സാധ്യതയിൽ പോലും ശരീര ഊഷ്മാവ് നിയന്ത്രിക്കുന്ന ഗുളികൾ കഴിക്കുന്ന ശീലം ഇപ്പോൾ സർവ്വ സാധാരണമാണ്.
എന്നാൽ രോഗാണുക്കളെ നേരിടുന്നതിനും, കീഴടക്കുന്നതിനും ശരീരത്തിന് പനിയുടെ സഹായം അനിവാര്യമാണ്.
രോഗ നിർണ്ണയത്തിന് മുൻപോ, ശേഷമോ ശരീരഊഷ്മാവ് കുറയ്ക്കുന്നതിനുള്ള നമ്മുടെ തീവ്രശ്രമം ശരീരത്തിന്റെ പ്രതിരോധ ശക്തി തകർക്കുകയും, രോഗാണുക്കളുടെ സ്വൈര വിഹാരത്തിന് കളമൊരുക്കുകയും ചെയ്യുന്നു.
അസഹനീയമായമായതോ, പനികൊണ്ട്/ശരീര ഊഷ്മാവ് വർധിക്കുന്നത് കൊണ്ട് മാത്രം അപകടം ഉണ്ടാകുന്നതോ ആയ ഒരു ന്യുനപക്ഷത്തിൽ ഒഴികെ എല്ലാവരിലും പനി നമ്മുടെ മിത്രമാണ്.
കൊറോണയാവട്ടെ വെറും ജലദോഷപ്പനി യാവട്ടെ പനിക്കാൻ അനുവദിക്കൂ, രോഗബാധയുടെ സങ്കീർണതയും,അപകടവും കുറക്കൂ
Dr Jayadev BHMS ഒക്ടോബർ 2020