Dr Rajasree K P /Dr Jayadev
ഡോ സാമുവൽ ഹാനിമാൻ എന്ന ജർമ്മൻ ഡോക്ടറാണ് ഹോമിയോപ്പതിയുടെ ഉപഞാതാവ്. ആരോഗ്യവാന്മാരായ മനുഷ്യരിൽ രോഗസമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന വസ്തുക്കൾക്ക്, രോഗികളിൽ നിന്ന് സമാന ലക്ഷണങ്ങളോട് കൂടിയ രോഗങ്ങളെ ഇല്ലായ്മചെയ്യാൻ സാധിക്കും എന്നതാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വം.
മരുന്നുകൾ: ഔഷധ വസ്തുക്കളെ ആരോഗ്യവാൻമാരായ വ്യക്തികൾക്ക് നൽകി, അവരിൽ ഉളവാക്കുന്ന ലക്ഷണങ്ങളെ ശാസ്ത്രീയമായി രേഖപ്പെടുത്തി അവയുടെ ചികിത്സാ ക്ഷമത പഠിക്കുന്നു. ആരോഗ്യവാന്മാരായ മനുഷ്യരിൽ രോഗലക്ഷണങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന ഏതൊരു വസ്തുവും ഹോമിയോപ്പതിയിൽ മരുന്നായി ഉപയോഗിക്കാം. ഹോമിയോപ്പതി മരുന്നുകൾ വിവിധ രാജ്യങ്ങളിൽ നിലവിലുള്ള അംഗീകൃത ഹോമിയോപ്പതി ഔഷധ വിജ്ഞാന ഗ്രന്ഥങ്ങളിൽ (Homeopathy pharmacopoeia) നിർദ്ദേശിക്കുന്ന രീതിയിലാണ് നിർമ്മിക്കപ്പെടുന്നത്.
മരുന്നുകളുടെ നിർമ്മാണം : വീര്യവൽക്കരണം/ ശാക്തീകരണം എന്നിങ്ങനെയെല്ലാം മലയാളത്തിൽ പറയാവുന്ന Potentization എന്ന പ്രക്രിയയാണ് ഹോമിയോപ്പതി ഉപയോഗിക്കുന്നത്. ഓരോ ആവർത്തി പ്രക്രിയയ്ക്ക് വിധേയമാകുമ്പോഴും മരുന്നായി ഉപയോഗിക്കുന്ന വസ്തുവിൻറെ ഭൌതികമായ അളവ് (Physical quantity) കുറയുകയും, മരുന്നുകളുടെ പ്രവർത്തനത്തിൻ്റെ വ്യത്യസ്തമായ ഒരു തലം അനാവരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഓരോ രോഗിക്കും അവരുടെ രോഗാവസ്ഥയ്ക്കും, ശാരീരിക – മാനസീക പ്രത്യേകതകൾക്കും അനുസരിച്ച് അനുയോജ്യമായ ആവർത്തിയാണ് ചികിൽസക്ക് ആവശ്യമായത്. ഏതെങ്കിലും ഒരു ആവർത്തിയിലുള്ള മരുന്ന് ശക്തികൂടിയത്/ അഥവാ ശക്തികുറഞ്ഞത് എന്ന വ്യാഖ്യാനം തെറ്റാണ് . ഹോമിയോപ്പതി മരുന്ന് നിർമ്മാണ പ്രക്രയയിലൂടെ മാരക വിഷവസ്തുക്കൾ വിഷതത്വങ്ങൾ നിർവീര്യമാക്കപ്പെട്ടും, സ്വതേ നിഷ്ക്രിയം എന്ന് കരുതപ്പെടുന്ന വസ്തുക്കൾ ലക്ഷണോദ്ദീപനപ്രാപ്തി കൈവരിച്ചും മികച്ച ഔഷധങ്ങളായി മാറ്റപ്പെടുന്നു.
മരുന്നുകളുടെ ഡോസ് : ഓരോ മരുന്നുകളും കൃത്യമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ വ്യവസ്ഥാപിതമായ ഡോസ് ആയാണ് രോഗപ്രതിരോധം, ചികിൽസ, സാന്ത്വന ചികിൽസ എന്നീ മേഖലകളിൽ ഉപയോഗിക്കുന്നത്. മരുന്നുകൾ ഉപയോഗിച്ച് രോഗ ചികിൽസ നടത്തുന്ന ചികിൽസാ ശാഖകളിൽ ഏറ്റവും കുറഞ്ഞ അളവിൽ മരുന്ന് ഉപയോഗിക്കുന്നത് ഹോമിയോപ്പതിയിലാണ്.
ചികിൽസാ ഫലപ്രാപ്തി നിർണ്ണയം : ഹോമിയോപ്പതിയുടെ തനതായ രീതിയിലും, ഇന്ന് വൈദ്യശാസ്ത്രത്തിൽ ലഭ്യമായ വിവിധ സാങ്കേതിക പരിശോധനകൾ വഴിയും ചികിൽസയുടെ ഫലപ്രാപ്തി നിർണ്ണ യിക്കുന്നു.
ആരോഗ്യ പുനഃസ്ഥാപനം : രോഗം ഏതുമാകട്ടെ ഹോമിയോപ്പതി ചികിൽസയുടെ ആത്യന്തികമായ ലക്ഷ്യം പൂർണ്ണമായ ആരോഗ്യ പുന:സ്ഥാപനമാണ്. രോഗത്തെ മറികടന്ന് ആരോഗ്യപൂർണ്ണമായ സന്തുലനം നിലവിൽ വരുത്തുകയും, സ്വസ്ഥമായ ജീവിതം നയിക്കുവാൻ പര്യാപ്തരാകുകയും ചെയ്യുന്ന അവസ്ഥ എന്നു സാരം. ഇന്ന് സമൂഹത്തിൽ കണ്ടുവരുന്ന ഏതാണ്ടെല്ലാ രോഗങ്ങളിലും ഹോമിയോപ്പതി ചികിൽസയിലൂടെ പൂർണ്ണ ആരോഗ്യ പുനഃസ്ഥാപനം സാധ്യമാണ്
പാർശ്വഫലങ്ങൾ : ഡോ. ഹാനിമാൻ, ഓർഗനോൺ എന്ന ഹോമിയോപ്പതിയുടെ അടിസ്ഥാന പ്രമാണ ഗ്രന്ഥത്തിൽ വ്യക്തമാക്കിയതും കാലാകാലങ്ങളായി ഹോമിയോപ്പതി ഡോക്ടർമാർ പിന്തുടരുന്നതും ആയ നിയമങ്ങൾ ( ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വങ്ങൾ) അനുസരിച്ചുപയോഗിക്കുന്ന ഹോമിയോപ്പതി മരുന്നുകൾ യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാക്കുന്നതല്ല.
പ്രായം: പിറന്നു വീണ പിഞ്ചു കുഞ്ഞ് മുതൽ ഏത് പ്രായത്തിൽ ഉള്ള ആളുകൾക്കും, ജീവിതത്തിൻ്റെ ഏത് അവസ്ഥയിലും സുരക്ഷിതമായി ഉപയോഗിക്കാവുന്നവയാണ് ഹോമിയോപ്പതി മരുന്നുകൾ.
രോഗപ്രതിരോധം : പകർച്ചവ്യാധികളുടെ പ്രതിരോധത്തിന് ഹോമിയോപ്പതി മരുന്നുകൾ ഫലപ്രദമാണ് എന്നത് നിരന്തര ഉപയോഗത്തിലൂടെ വിലയിരുത്തപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഹോമിയോപ്പതിയുടെ പ്രാരംഭകാലം മുതൽ തന്നെ രോഗപ്രതിരോധ രംഗത്തെ ഹോമിയോപ്പതിയുടെ മികവ് പ്രകീർത്തിക്കപ്പെട്ടിട്ടുള്ളതാണ്. 21 ആം നൂറ്റാണ്ടിന്റെ ഭീതിയായ കൊറോണ പകർച്ചവ്യാധിയിലും രോഗപ്രതിരോധ രംഗത്ത് ഹോമിയോപ്പതിയുടെ മികവ് ശ്രദ്ധ നേടുകയുണ്ടായി.
ചികിൽസയിൽ എന്നപോലെ തന്നെ രോഗലക്ഷണങ്ങളുടെ സമാനതതന്നെയാണ് പ്രതിരോധ മരുന്നുകളുടെ നിർണ്ണയത്തിലും ഹോമിയോപ്പതിയുടെ അടിസ്ഥാനം. പുതിയ പകർച്ചവ്യാധികൾ ശ്രദ്ധയിൽപ്പെടുന്ന സാഹചര്യങ്ങളിൽ ഹോമിയോപ്പതി പുതിയൊരു മരുന്ന് കണ്ടെത്തുകയല്ല, പകരം ഉപയോഗത്തിലിരിക്കുന്ന മരുന്നുകളിൽ പ്രസ്തുത പകർച്ചവ്യാധിയോട് ഏറ്റവും താദാത്മ്യം ഉള്ള മരുന്ന് കണ്ടെത്തുകയും, ശരിയായ മാത്രയും കാലയളവും നിർണ്ണയിച്ച ശേഷം പ്രതിരോധ മരുന്നായി ഉപയോഗിക്കുകയും ആണ് ചെയ്യുന്നത്. ഈ ഒരു പ്രത്യേകത കൊണ്ടാണ് ഏതൊരു പകർച്ചവ്യാധിയിലും ഏറ്റവും പെട്ടന്ന് സുരക്ഷിതവും ഫലപ്രദവുമായ പ്രതിരോധ മരുന്നുമായി ഹോമിയോപ്പതി മുന്നോട്ടുവരുന്നത്.
ഹോമിയോപ്പതിയും ശസ്ത്രക്രിയയും: ഹോമിയോപ്പതി ശസ്ത്രക്രിയക്ക് എതിരല്ല . എന്നാൽ ശസ്ത്രക്രിയ മാത്രമാണ് മാർഗ്ഗം എന്ന് മുൻകാലങ്ങളിൽ കരുതി വന്ന ധാരാളം അസുഖങ്ങൾ ഹോമിയോപ്പതി ചികിൽസയിലൂടെ നിഷ്പ്രയാസം സുഖപ്പെടുത്താം. ശസ്ത്രക്രിയ ഏറ്റവും അനിവാര്യമായ ഘട്ടങ്ങളിൽ മാത്രം എന്നതാണ് ഹോമിയോപ്പതിയുടെ കാഴ്ച്ചപ്പാട് . അനിവാര്യമായ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വരുന്ന രോഗികളിൽ ശാസ്ത്രക്രിയയോടുള്ള ഭയം, ശാസ്ത്രക്രിയാനന്തര പ്രയാസങ്ങൾ, ശസ്ത്രക്രിയക്ക് ശേഷമുള്ള വേദന, മുറിവുണങ്ങൽ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ഫലപ്രദമായ ഹോമിയോപ്പതി മരുന്നുകൾ ലഭ്യമാണ്.
സാന്ത്വന ചികിൽസ : രോഗം, അപകടം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ മനുഷ്യൻ പലപ്പോഴും സാന്ത്വന ചികിൽസ മാത്രം ആശ്രയമായ അവസ്ഥയിൽ എത്തുന്ന രോഗികളുടെ പ്രയാസങ്ങളിൽ നിന്നു വലിയൊരളവിൽ മോചനം നല്കാനും, ജീവിത നിലവാരം മെച്ചപ്പെടുത്താനും, പരാശ്രയത്വം പരമാവധി കുറയ്ക്കാനും ഹോമോയോപ്പതി ചികിൽസക്ക് സാധിക്കും. ക്യാൻസർ പോലുള്ള അസുഖങ്ങളിലെ കഠിനമായ വേദന കുറയ്ക്കാനും, കിടപ്പ് രോഗികളിൽ ഉണ്ടാവുന്ന മുറിവുകൾ, മറ്റ് ബുദ്ധിമുട്ടുകൾ എന്നിവയുടെ പരിഹാരത്തിനും ഹോമിയോപ്പതി ഫലപ്രദമാണ്.
മറ്റ് ചികിൽസാ ശാഖകളിലെ മരുന്നുകളും ഹോമിയോപ്പതി മരുന്നുകളുംഒരേ സമയം കഴിക്കാമോ : തീർച്ചയായും. ഹോമിയോപ്പതി ചികിൽസകൻ ആവശ്യമായ വിശകലനത്തിന് ശേഷം ഇതര ചികിൽസാ ശാഖയിലെ മരുന്നുകളോടൊപ്പവും കഴിക്കുവാൻ നിർദേശിക്കുന്ന മരുന്നുകൾ ഭയാശങ്കകൾ കൂടാതെ കഴിക്കാവുന്നതാണ് .
ഹോമിയോപ്പതി മരുന്നുകൾ എത്ര കാലം കഴിക്കണം : ഓരോ രോഗിയും എത്രകാലം മരുന്നുകൾ കഴിക്കണം എന്നത് പ്രസ്തുത രോഗിയുടെ ചികിൽസകനാണ് തീരുമാനമെടുക്കേണ്ടത്.
എന്നാൽ പൊതു തത്വം എന്നനിലയിൽ : (1) യാതൊരുവിധ സങ്കീർണ്ണതയും ഇല്ലാത്ത ഹ്രസ്വകാല രോഗങ്ങളിൽ ഒറ്റത്തവണ മാത്രമോ, വളരെ കുറഞ്ഞ കാലയളവിലോ മാത്രം മരുന്നുകൾ കഴിച്ചാൽ മതിയാവുന്നതാണ്. (2) സങ്കീർണ്ണമായ ഹ്രസ്വകാല രോഗങ്ങൾ, കാലപ്പഴക്കം ഉള്ള രോഗങ്ങൾ, സങ്കീർണ്ണമായ രോഗങ്ങൾ, ആവർത്തന സ്വഭാവമുള്ള രോഗങ്ങൾ എന്നിവയിൽ കൂടുതൽ കാലം മരുന്നുകൾ ഉപയോഗിക്കേണ്ടതായി വരാം. രോഗം പൂർണ്ണമായി മാറുന്നതിനും, ദീർഘകാലത്തേക്ക് പ്രസ്തുത രോഗത്തിൻ്റെ ആവർത്തനം ഒഴിവാക്കുന്നതിനും , ആരോഗ്യ പുനഃസ്ഥാപനത്തിനും ആവശ്യമായ രീതിയിൽ ഡോക്ടർ നിർദേശിക്കുന്ന കാലയളവ് വരെ മരുന്നുകൾ കൃത്യമായി കഴിക്കുന്നതാണ് ശരിയായ രീതി
എല്ലാ അസുഖങ്ങൾക്കും ഒരേ മരുന്നാണോ നൽകുന്നത് : അല്ല. മരുന്നുകൾ രോഗിക്ക് നല്കുന്നതിനായി ഉപയോഗിക്കുന്ന ഗുളികകളുടെ സാമ്യം മൂലമാണ് ഇത്തരം ഒരു സംശയം ഉണ്ടാവുന്നത്. ഹോമിയോപ്പതിയിൽ ഇപ്പോൾ ഏകദേശം 3000 മരുന്നുകൾ ലഭ്യമാണ്. ഓരോരോഗിയെയും വിശദമായ വിശകലനത്തിന് വിധേയമാക്കി അവർക്ക് ഏറ്റവും അനുയോജ്യമായ മരുന്നാണ് നല്കുന്നത്.
ഹോമിയോപ്പതി ഗുളികകളിലെ മധുരം പ്രമേഹ രോഗികളിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമോ : പ്രമേഹ രോഗികൾക്ക് നല്കുന്ന മരുന്നുകളിലെ ഗുളികകൾ പഞ്ചസാരയുടെ അളവ് ഇല്ലാത്തതോ അഥവാ ഏറ്റവും കുറഞ്ഞതോ ആയിരിക്കാൻ ഹോമിയോപ്പതി ഡോക്ടർമർ പ്രത്യേക ശ്രദ്ധ പുലർത്താറുണ്ട്. ഹോമിയോപ്പതി ഗുളികകൾ മധുരമുള്ളവയാണെങ്കിൽ പോലും അവയുടെ നിയന്ത്രിത ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ യാതൊരു വിധത്തിലും ദോഷകരമായി ബാധിക്കില്ല.
ഹോമിയോപ്പതി മരുന്നുകളുടെ ഉപയോഗം വൃക്ക/കരൾ രോഗത്തിന് കാരണമാവുമോ: ഇല്ല. ഹോമിയോപ്പതി മരുന്നുകളുടെ ഉപയോഗം വൃക്ക/കരൾ രോഗത്തിന് കാരണമാവുന്നു എന്ന രീതിയിൽ ചില സ്ഥാപിത താല്പര്യക്കാർ നടത്തുന്ന പ്രചരണം തീർത്തും അടിസ്ഥാനരഹിതമാണ്.
മുറിവ്, ചതവ്, പൊള്ളൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് ഹോമിയോപ്പതി ചികിത്സ ലഭ്യമാണോ : തീർച്ചയായും. മുറിവുകൾ, ചതവുകൾ, പൊള്ളൽ എന്നീ അവസ്ഥകളിൽ ഉപയോഗിക്കാവുന്ന മികച്ച ഔഷധങ്ങൾ ഹോമിയോപ്പതിയിൽ ലഭ്യമാണ്.
ലോകത്ത് വികസിതവും, വികസ്വരവും ആയ വിവിധ രാജ്യങ്ങളിൽ ഹോമിയോപ്പതി ചികിൽസ ഔദ്യോഗിക അംഗീകാരത്തോടെ നടത്തപ്പെടുന്നു. വിവിധ രാജ്യങ്ങളിൽ ഹോമിയോപ്പതിയുടെ പ്രചാരം കൂടിവരികയും ചെയ്യുന്നു.
ഹോമിയോപ്പതി ഇന്ന് ലോകത്ത് നിലവിലുള്ള ചികിൽസാ രീതികളിൽ വിശ്വസനീയവും, സുരക്ഷിതവും, രോഗ പ്രതിരോധം, രോഗ ചികിൽസ, സാന്ത്വന ചികിൽസ എന്നീ മേഖലകളിൽ മികവ് തെളിയിച്ചതുമാണ്.
ഹോമിയോപ്പതിയെപറ്റി അറിയുക, ആരോഗ്യ സംരക്ഷണത്തിന് ഹോമിയോപ്പതിയെ പ്രഥമ പരിഗണനയായി തിരഞ്ഞെടുക്കുക.
For online (Over the phone) consultation : Whatsapp @ 9946660577 Dr S Umesh